പട്ന: മോഷണങ്ങള്‍ തുടര്‍ക്കഥയായ ബിഹാറില്‍ മൊബൈല്‍ മോഷ്ടാവിന് യാത്രക്കാരന്‍ കൊടുത്തത് എട്ടിന്റെ പണി. ട്രെയിന്‍ യാത്ര പുറപ്പെടാനൊരുങ്ങിയപ്പോള്‍ ജനാല വഴി കൈയ്യിട്ട് മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്റെ കൈയ്യില്‍ പിടുത്തമിട്ട യാത്രക്കാരന്‍, ട്രെയിനിനൊപ്പം അയാളെ വലിച്ചിഴച്ചത് പത്ത് കിലോമീറ്ററാണ്.
ട്രെയിനിന് വേഗത കുറവായിരുന്നതിനാലും, യാത്രക്കാരന്‍ മാനുഷിക പരിഗണന കാട്ടിയതിനാലും സ്വയം ഒരു അഭ്യാസിയായതിനാലും കള്ളന് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല എന്നാണ് വിവരം.
സെപ്റ്റംബര്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെഗുസരായിയില്‍ നിന്നും ഖഗാരിയയിലേക്കുള്ള യാത്രാമദ്ധ്യേ, സഹേബ്പുര്‍ കമല്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിന്‍ പുറപ്പെടാനൊരുങ്ങിയതും, പുറത്ത് നിന്ന മോഷ്ടാവ് ജനാല വഴി കൈയ്യിട്ട് യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നും ഫോണെടുക്കാന്‍ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ യാത്രക്കാരന്‍, കള്ളന്റെ കൈയ്യില്‍ പിടുത്തമിട്ടു.
അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ കള്ളന്‍ കൈ വിടുവിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. യാത്രക്കാരന്‍ വിടാന്‍ ഭാവമില്ലെന്ന് മനസ്സിലാക്കിയതോടെ കള്ളന്‍ നിലവിളിക്കാനും അപേക്ഷിക്കാനും യാചിക്കാനും തുടങ്ങി. എന്നിട്ടും യാത്രക്കാരന്‍ വിട്ടില്ല. ട്രെയിന്‍ കൂടുതല്‍ വേഗമാര്‍ജ്ജിക്കാന്‍ തുടങ്ങിയതോടെ, രക്ഷയില്ലാതെ കള്ളന്‍ രണ്ടാമത്തെ കൈയ്യും അകത്തേക്കിട്ടു. ഇതിലും യാത്രക്കാരന്‍ ഭദ്രമായി പിടുത്തമിട്ടതോടെ, ‘റ’ ആകൃതിയില്‍ ട്രെയിനിന്റെ ജനാലയില്‍ തൂങ്ങി കിടന്ന് സ്പൈഡര്‍മാന്‍ മാതൃകയിലായി കള്ളന്റെ യാത്ര.