ദേശീയപാത അതോറിറ്റിയുടെ അനുകൂല നിലപാടില്ലാത്തതിനാൽ വെള്ളം കുടിക്കാൻ കിട്ടാതെ ഒരു നാട് ബുദ്ധിമുട്ടുന്നു. കോട്ടയം നഗരസഭയിലെ 42-ാം വാർഡായ മറിയപ്പള്ളിയാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്.
കാലങ്ങളായി ഇവിടുത്തുകാർക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താൻ ഏകദേശം 36 മണിക്കൂർ വേണം. ഒരു സ്ഥലത്ത് വെള്ളം കൊടുത്ത് കഴിഞ്ഞാൽ അടുത്ത 36 മണിക്കൂർ വേണം ഈ ടാങ്ക് നിറയാനും തുടർന്ന് അടുത്ത പ്രദേശങ്ങളിലെത്താനും. അങ്ങനെവരുമ്പോൾ മറിയപ്പള്ളിക്കാർക്ക് വെള്ളം ലഭിക്കുന്നത് 20 മുതൽ 25 ദിവസം വരെ ഇടവേളകളിലാണ്. വേനൽ അതിഭീകരമായി തുടരുന്ന ഈ സമയത്ത് മാസത്തിലൊരിക്കൽ മാത്രം വരുന്ന ജലത്തെ ആശ്രയിച്ച് എങ്ങനെ കഴിയും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള പദ്ധതികൾ അവസാനഘട്ടത്തിലാണ്. എം. സി റോഡിൽ പഴയ നാട്ടകം പഞ്ചായത്ത് പ്രദേശത്തെ ജലവിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു മറിയപ്പള്ളി ടാങ്കിലേക്ക് പുതിയ പൈപ്പിട്ടത്. കലക്ട്രേറ്റ് ടാങ്കിൽ നിന്ന് ഈരയിൽക്കടവ്-മണിപ്പുഴ ബൈപ്പാസ് വഴി മണിപ്പുഴയിൽ എത്തിയ ശേഷം റോഡിന് ഇടത് വശത്തുകൂടി മറിയപ്പള്ളിവരെയാണ് പ്രധാന പൈപ്പ് സ്ഥാപിക്കുക. എന്നാൽ നിലവിൽ പൈപ്പിടൽ മണിപ്പുഴവരെ എത്തിയിട്ടുണ്ട്. ഇനി എം.സി റോഡ് വഴി വേണം ഈ പൈപ്പ് സ്ഥാപിക്കാൻ. എന്നാൽ ഇതിനായി റോഡ് പൊളിക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഈ പൈപ്പ് വന്നാൽ 4 മണിക്കൂർ കൊണ്ട് ടാങ്ക് നിറയുകയും എല്ലായിടത്തും വെള്ളം എത്തുകയും ചെയ്യും. എന്നാൽ റോഡ് പൊളിക്കാൻ എന്ന് അനുമതികിട്ടും എന്ന് ആർക്കും ഒരുത്തരവുമില്ല. ഈ ആവശ്യവുമായി ജനങ്ങൾ കയറിചെല്ലാത്ത ഓഫീസുകളില്ല.
പൊതുജന കൂട്ടായ്മ നാളെ .
നാട്ടകം കുടിവെള്ള പദ്ധതിയുടെ പണികൾ പൂർത്തിയാക്കാതെ അനിശ്ചിതമായി നിർത്തി വെച്ചതിൽ പ്രതിക്ഷേധിക്കുന്നതിനും തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനുമായി മാർച്ച് 1 ബുധനാഴ്ച (നാളെ ) പകൽ 12 മണിയ്ക് പള്ളം വൈ.എം.സി. ഏ ഹാളിൽ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു.
Ph.9495 52 5360
. 813689 5185