ജി–20 ഉച്ചകോടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി തണ്ണീർമുക്കം ബണ്ടുമുതൽ ഇല്ലിക്കൽവരെയുള്ള റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കും. വൈക്കം-വെച്ചൂർ റോഡിന്റെ ഭാഗമായുള്ള അഞ്ചുമന പാലവും ഈ റോഡിലാണുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെ തർക്കം മൂലം പാലത്തിന്റെ അനുബന്ധ റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജി-20 ഉദ്യോഗസ്ഥർ ഇതുവഴി എത്തുന്നതിനാൽ പാലത്തിന് പകരമുള്ള താത്കാലിക സമാന്തരപാതയിൽ തറയോട് പാകും. ചുങ്കം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ബൈപാസ് റോഡും നവീകരണം പൂർത്തിയായി വരുന്നു. പോള ശല്യം രൂക്ഷമായതോടെ അധികാരികൾക്ക് പരാതിയും നിവേദനവും നൽകി വലഞ്ഞ മത്സ്യ തൊഴിലാളികൾക്കും ഹൗസ് ബോട്ട് മേഖലയിലുള്ളവർക്കും ഒടുവിൽ ജി-20 തുണയായി.
ജി–20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ എത്തുന്ന ഉദ്യോഗസ്ഥർക്കു കായലിലൂടെ സഞ്ചരിക്കുന്നതിനു പോള തടസ്സം ആകുമെന്നതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ നിർദേശം നൽകിയതനുസരിച്ച് നാളെ മുതൽ പോളവാരൽ തുടങ്ങും. യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്യാനാണു തീരുമാനം. പോള നീക്കുന്നതിനു 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ജി–20 സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന, കായൽത്തീരത്തെ ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ നിന്നു ജലവാഹനങ്ങളിലാണു കവണാറ്റിൻകര കെടിഡിസിയിലെ കൺവൻഷൻ സെന്ററിൽ എത്തുന്നത്.