Monday, February 26, 2024

സാമ്പത്തിക തയാറെടുപ്പ് – കൊറോണക്കു ശേഷം എന്തൊക്കെ??

പ്രതിസന്ധികൾ തരണം ചെയ്യാൻ ശീലിച്ചവരാണ് നമ്മൾ മലയാളികൾ. വ്യാധികളും, പ്രളയങ്ങളും മറ്റും അനുഭവിച്ച് ഉയിർത്തെഴുന്നേറ്റു ശീലമുള്ളവർ.എന്നാൽ മുൻപരിചയമില്ലാത്ത ഒരു പ്രതിസന്ധിയെ നമ്മൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നമ്മൾ മാത്രമല്ല, ലോക ജനത മുഴുവനും. എത്ര നാൾ തുടരും എന്നു അറിയാത്തത് ആണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. ഈ അടുത്ത് കണ്ട ഒരു സിനിമയിലെ ഡയലോഗ്‌ പോലെ-“വേട്ട അവസാനിപ്പിച്ചു എന്നു ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് ഏറ്റവും ബുദ്ധിമാൻ”. കോവിഡും ഈ വേട്ടക്കാരനെപ്പോലെയാണ്, വേട്ട അവസാനിച്ചോ എന്ന്‌ നമ്മൾ ഇരകൾക്ക് മനസ്സിലാകുന്നില്ല.

എന്നാൽ നമ്മൾക്ക് ഒന്നു ചെയ്യാം- തയ്യാറായി ഇരിക്കാം. എന്തിനെയും നേരിടാൻ – “നല്ലതായാലും മോശമായാലും.” തയ്യാറെടുപ്പ് മൂന്ന് രീതിയിൽ വേണം- മാനസികമായി, ആരോഗ്യപരമായി പിന്നെ സാമ്പത്തികമായി.
മൂന്നിനും അതിന്റെതായ പ്രാധാന്യം ഉണ്ട്. ഇതിൽ, സാമ്പത്തികമായി തയ്യാറാവാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇവിടെ വിശദീകരിക്കാം.

സാമ്പത്തികമായി നമ്മുടെ ജനതയെ മൂന്നായി തിരിക്കാം:

  • High Income Group- ഉയർന്ന വരുമാനമുള്ളവർ
  • Middle Income Group- ഇടത്തരക്കാർ
  • Low Income Group – താഴ്ന്ന വരുമാനമുള്ളവർ

ഇതിൽ ഒന്നാമത്തെ വിഭാഗത്തിന് അത്യാവശ്യം സമ്പാദ്യം ഉണ്ടായിരിക്കും. കുറച്ചു നാളത്തെ പ്രതിസന്ധി നേരിടാൻ അവർക്ക് കഴിയും.

മൂന്നാമത്തെ വിഭാഗത്തിന് സർക്കാറുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങൾ ലഭ്യമാണ്- പാക്കേജുകളായും സബ്സിഡികളായും ഇനിയും പ്രതീക്ഷിക്കാം.

എന്നാൽ ശരിക്കും പ്രതിസന്ധി നേരിടാൻ പോവുന്നത് ഇടത്തരക്കാർ ആയിരിക്കും. അവരുടെ ബഡ്ജറ്റ് താളം തെറ്റും. പൊതുവേ ഈ വിഭാഗത്തിൽ പെട്ടവരുടെ ചെലവിന്റെ ഘടന ഇങ്ങനെ ആയിരിക്കും:

  • വരുമാനത്തിന്റെ 50% വരെ- ദൈനംദിന ജീവിത ചിലവുകൾ.
  • 20% മുതൽ 30% വരെ- വായ്‌പ തിരിച്ചടവ് (ഭവന, വാഹന വായ്പകൾ)
  • 10% മുതൽ 20% വരെ- വിനോദത്തിനും മറ്റും
  • 10%മുതൽ 20%വരെ – സമ്പാദ്യം

പൊതുവേയും, ഈ വിഭാഗക്കാർക്ക് പ്രത്യേകിച്ചും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്:

1.വായ്പ പലിശനിരക്ക്

വാഹനവായ്പയോ/ ഭവന വായ്പയോ ഇല്ലാത്ത ശരാശരി മലയാളി ഉണ്ടാവില്ല. പൊതുവേ, വായ്പ എടുത്ത ശേഷം തിരിച്ചടവ് തീരുന്ന വരെ നമ്മൾ മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. ബാങ്ക് വായ്പയുടെ പലിശ നിരക്കിലും മറ്റു സ്ഥിരമായു മാറ്റങ്ങൾ വരാറുണ്ട്. സർക്കാർ ചില വായ്പകൾക്കു സബ്‌സിഡി പ്രഖ്യാപിക്കാറുണ്ട്. റിസർവ് ബാങ്ക് റീപോ/ റിവേഴ്‌സ് റീപോ നിരക്കുകളിൽ മാറ്റ് വരുത്തുന്നതിന് അനുസരിച്ചു പലിശ നിരക്കുകളിൽ മാറ്റം വരാറുണ്ട്. ഈ മാറ്റങ്ങൾ എല്ലാം ഓട്ടോമാറ്റിക് ആയി നമ്മളുടെ വായ്പകളിൽ കുറവ് വരണം എന്നില്ല. Fluctuating interest option ആക്റ്റീവ് അല്ലെങ്കിൽ ചില വായ്പകളിൽ ഇങ്ങനെ വരുന്ന ഇളവുകൾ ലഭിക്കില്ല. ചിലപ്പോൾ Borrower ആയ നമ്മളുടെ ഒരു request ലെറ്റർ വേണ്ടി വരും ഈ ഇളവുകൾ നമ്മളുടെ വായ്പകളിൽ ബാധകം ആവാൻ. ഇങ്ങനെ ഉള്ള കാര്യങ്ങൾ നിരന്തരം നമ്മൾ ബാങ്കുമായി ഫോളോ അപ്പ്‌ ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ നിരക്ക് കൂട്ടാൻ സാധ്യത ഇല്ലാത്തതിനാൽ നമ്മളുടെ വായ്പ fluctuating interest ഓപ്ഷനിലാണോ എന്നു ഉറപ്പു വരുത്തുക.

2.ഓൺലൈൻ ഷോപ്പിംഗ്

ചിലവ് ചുരുക്കാൻ പറ്റിയ ഒരു ഉപാധിയാണ് ഓൺലൈൻ ഷോപ്പിങ്. മൊത്തമായി ഓൺലൈനായി ഷോപ്പിംഗിലേക്കു മാറണം എന്നല്ല. ചില പ്രത്യേക സാധനങ്ങൾ വാങ്ങുവാൻ നമുക്ക് ഓണ്ലൈൻ സൈറ്റുകളെ ആശ്രയിക്കാം എന്നു മാത്രം. ഒരു മൊബൈൽ ആപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്ന ബുദ്ധിമുട്ടേ ഉള്ളു.

കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഡയപ്പെറുകൾ…… സാധാരണ വിപണിയിൽ കിട്ടുന്ന വിലയേക്കാൾ 40% മുതൽ 60% വരെ വില്ലക്കുറവാണ് ഇങ്ങനെ ചില സാധനങ്ങൾക്ക്. മേൽപ്പറഞ്ഞത് ചില ഉദാഹരണങ്ങൾ മാത്രം. വാഹനത്തിൽ യാത്ര ചെയ്തു സമയം മിനക്കെടുത്തി കൂടുതൽ വില കൊടുക്കേണ്ട ആവശ്യമില്ല. ഇഷ്ടം പോലെ സിലക്ഷനും ഉണ്ട്.

3.വികേന്ദ്രീകൃത ഷോപ്പിങ്

ചെറിയ പലചരക്ക് കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിലേക്കു നമ്മളുടെ ഷോപ്പിംഗ് സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു. രണ്ടിനും അതിന്റെതായ ഗുണ-ദോഷ, ലാഭ-നഷ്ടങ്ങൾ ഉണ്ട്. രണ്ടും കൂടിച്ചേർന്ന ഒരു ഷോപ്പിംഗ് pattern കൊണ്ടു നമുക്ക് ചെറിയ ലാഭങ്ങൾ ഉണ്ടാക്കാം. എങ്ങനെ എന്നല്ലേ, പറയാം. പലചരക്കു സാധനങ്ങളും മറ്റും വാങ്ങുമ്പോൾ, ഒരു ആഴ്ചത്തേക്കോ/മാസത്തേക്കോ മേടിക്കുന്ന ശീലം മാറ്റാം. ചില പ്രത്യേക സാധനങ്ങൾക്കു ചില ദിവസങ്ങളിൽ വിലക്കുറവ് ഓഫർ കൊടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ കണ്ടിട്ടില്ലേ. 5 രൂപക്കോ മറ്റോ ഒരു കിലോ പഞ്ചസാര എന്ന ഓഫർ ഒരു സൂപ്പർ മാർക്കറ്റിന്റെ പരസ്യത്തിൽ ഈയിടെ കണ്ടത് ഓർക്കുന്നു. ഇങ്ങനെയുള്ള ഓഫറുകൾ ഉപയോഗപ്പെടുത്തുക. ഒറ്റയടിക്ക് സാധനങ്ങൾ മേടിക്കുന്ന ശീലം മാറ്റുക. ഇന്ന് പഞ്ചസാര ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും മേടിച്ചാൽ നാളെ അരി മറ്റൊരു കടയിൽ നിന്നും മേടിക്കുക, “ഓഫർ നോക്കി”. പച്ചക്കറികൾ,പഴങ്ങൾ തുടങ്ങിയവ ചെറുകിട കച്ചവടക്കാരിൽ നിന്നു തന്നെ വാങ്ങുക. എളുപ്പം നോക്കിയാൽ ചിലപ്പോൾ ചിലവ് കൂടും.

4.ഒരു അധിക വരുമാനം

ഇപ്പോൾ ഉള്ളതിനോടൊപ്പം ഒരു അധിക വരുമാന സ്രോതസ്സും കൂടി കണ്ടെത്തുക. അത്ര എളുപ്പത്തിൽ സാധ്യമല്ലെങ്കിലും ശ്രമിച്ചാൽ കുറച്ചു പേർക്കെങ്കിലും സാധിക്കും. പലർക്കും പല രീതിയിൽ ആയിരിക്കും സാധിക്കുക. അതു നമ്മൾ സ്വയം കണ്ടെത്തണം. സ്ഥല സൗകര്യമുണ്ടെങ്കിൽ ചെറിയ കൃഷി മുതൽ ഓണ്ലൈൻ പ്ലാറ്ഫോമുകളുടെ അനന്ത സാധ്യതകൾ വരെ പ്രയോജനപ്പെടുത്താം. ദിവസവും വെറുതെ കളയുന്ന സമയം പ്രയോജനപ്പെടുത്തിയാൽ മതി. യൂട്യൂബ് ചാനലുകൾ വഴി കുക്കറി വീഡിയോസ് ചെയ്തു നല്ല വരുമാനം ഉണ്ടാക്കുന്ന ധാരാളം വീട്ടമ്മമാരുണ്ട്.
ഒരു earning മെമ്പർ എന്നതിൽ നിന്നും ഒരു earning യൂണിറ്റ് ആയി നമുക്ക് മാറാൻ കഴിയണം. സ്കൂളുകൾ ഓൺലൈനായി ക്ലാസ്സുകൾ തുടങ്ങാൻ പ്ലാൻ ചെയ്യുന്നു, അങ്ങെനെ എങ്കിൽ ഓണ്ലൈൻ ട്യൂഷന്റെ കാലം വിദൂരമല്ല. മറ്റു ഓൺലൈൻ കോച്ചിങ് സാധ്യതകൾ കൂടി ചിന്തിക്കാവുന്നതാണ്. ഭർത്താക്കന്മാരുടെ കൂടെ സഹായമുണ്ടെങ്കിൽ വീട്ടമ്മമാർക്ക് ശോഭിക്കാൻ കഴിയുന്ന മേഖലകളാണ് ഇതെല്ലാം. സ്വന്തം വീട്ടിലെ പരിമിതമായ ചുറ്റുപാടിൽ ഇരുന്നുകൊണ്ടു തന്നെ ചെയ്യാവുന്ന, സമ്പാദിക്കാവുന്ന അവസരങ്ങൾ.

നേരിടാൻ ഒരു മനസ്സുണ്ടെങ്കിൽ, അതിജീവിക്കാം നമ്മുക്ക് ഈ മഹാവ്യാധിയെയും……..

അഭീഷ്‌ ശങ്കർ
(ചാർട്ടർഡ് അക്കൗണ്ടന്റ്)

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img