Monday, February 26, 2024

പുന്നമൂട്ടിലേയ്ക്കുള്ള യാത്രകൾ

ലോക്ക്ഡൗൺ കാലം വല്ലാത്ത ഏകാന്തതയുടെയും കുടി കാലമായിരുന്നു . പലരും പല രീതിയിലാണ് ഈ ഏകാന്തതയെ നേരിട്ടത് . പാട്ട് ,നൃത്തം , വായന , ടിക് ടോക് , യൂട്യൂബ് … അങ്ങനെ ആ പട്ടിക നീണ്ടുപോകും . പക്ഷേ ഉള്ളുതുറന്ന് സംസാരിക്കാൻ ഒരു മനുഷ്യജീവി ഇല്ലാത്തത് വലിയ സങ്കടമാണ് . ”സംസാരിക്കാൻ നിന്റെ വർഗ്ഗക്കാർ തന്നെ വേണോ ?” എന്ന് എന്നോട് ചോദിച്ചത് പറമ്പിലെ ഈ അത്തിമാവാണ് ( ചിത്രം 1 ) . ഒരു അത്തിമരവും മാവും ഒരുമിച്ച് വളർന്നു വരുന്നു . അവർ രണ്ട് വർഗ്ഗത്തിൽപ്പെട്ട ചെടികളാണെങ്കിലും പരസ്പരം സംസാരിക്കാറുണ്ടത്രെ . രണ്ടിലൊരാൾക്ക്  എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കിൽ തോളിൽ കൈവച്ച് ആശ്വസിപ്പിക്കാറുമുണ്ട് . സംസാരിക്കാൻ ഒരു മനുഷ്യനെ കിട്ടിയില്ലെങ്കിൽ മരങ്ങളോട് സംസാരിക്കാൻ പറഞ്ഞു തന്നതും അത്തിയും മാവും ചേർന്ന അത്തി മാവു തന്നെ .

മാവ് , പുളി , വാഴ , വയന , വട്ടത്താമര, പ്ലാവ് അങ്ങനെ പല മരങ്ങളോടും സങ്കടം പറഞ്ഞു . മറ്റാരോടും പറയില്ലെന്ന് അവ വാക്കു തന്നു . സ്വപ്നങ്ങൾ പങ്കുവച്ചപ്പോൾ ദൈവത്തെപ്പോലെ പരിഹസിച്ചില്ല . ഇലകളും പൂക്കളും കൊഴിച്ച് ആശംസയറിയിച്ചു .

മരങ്ങൾക്കും ഈ ഏകാന്തത എന്ന പ്രശ്നമുണ്ട്  . ഈ പുന്നയുടെ ( ചിത്രം 2 ) അടുത്തു ചെല്ലുമ്പോഴാണ് അത് അറിയുക . പുന്ന ചിലയിടങ്ങളിൽ പുന്നാഗം എന്നും അറിയപ്പെടും . Calophyllum Inophyllum എന്നാണ് ശാസ്ത്രീയ നാമം . ഒരു നിത്യഹരിത വൃക്ഷമായ പുന്നയുടെ വിത്തുകൾ  വവ്വാലുകളും അണ്ണാനുമൊക്കെയാണ്  പലയിടങ്ങളിൽ എത്തിക്കുന്നത്  .

”ഞാൻ അനുഭവിക്കുന്ന ഏകാന്തത നിനക്ക് ഊഹിക്കാൻ കഴിയുമോ. മറ്റൊരു പുന്നയെ നിനക്ക് ഈ പറമ്പിലോ അടുത്ത പറമ്പിലോ കാണിച്ചു തരാൻ കഴിയുമോ? ” പുന്ന എന്നോട് ചോദിച്ചു. അത് ശരിയാണ് . ‘പുന്ന ഇപ്പോ കുറവാ’ എന്ന് പറമ്പ് കിളക്കാൻ വന്ന ചേട്ടൻ പറഞ്ഞത് ഓർക്കുന്നു . പണ്ട് ഈ മരം പ്രതാപിയായിരുന്നു . പണ്ടെന്ന് പറഞ്ഞാൽ പുന്നക്കായ ഗോലി കളിക്കാൻ ഉപയോഗിച്ച് തുടങ്ങുന്നതിനുമൊക്കെ മുൻപ് . വിളക്കു കത്തിക്കാൻ പുന്നയ്ക്കയെണ്ണ വ്യാപകമായി ഉപയോഗിച്ചിരുന്നു. മണ്ണെണ്ണ വരും മുൻപ്. പുന്നയ്ക്ക എണ്ണയ്ക്ക് നികുതിയിളവ് വരെ ഉണ്ടായിരുന്നത്രെ! വാതരോഗത്തിനും ചർമരോഗങ്ങൾക്കും പുന്നയ്ക്കയെണ്ണ ഉപയോഗിച്ചിരുന്നു .
”അന്നെനിക്ക് എന്ത് വിലയായിരുന്നു” പുന്ന നെടുവീർപ്പെട്ടു . അതെ ആവശ്യം കഴിഞ്ഞാൽ വെട്ടിവീഴ്ത്തുക മനുഷ്യവർഗ്ഗത്തിന്റെ ശീലമായി . (പ്രകൃതിയ്ക്കും മനുഷ്യനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞോ ?)

ഇപ്പോൾ പുന്ന അപൂർവ്വമാണ് . പുന്നമൂട് , പുന്നയ്ക്കൽ എന്നീ സ്ഥലപ്പേരുകൾ പണ്ടത്തെ ഈ മരത്തിന്റെ പ്രൗഢിയുടെ ഉദാഹരണമാണ് . പുന്നക്കമ്പലം എന്ന ക്ഷേത്രം പോലുമുണ്ട് എറണാകുളം ജില്ലയിൽ . പുന്നാഗം കവികളുടെ ഇഷ്ട പ്രയോഗവുമായിരുന്നു . ആ മരമാണ് ദാ എന്റെ മുന്നിൽ ഏകാകിയായി നിൽക്കുന്നത് . കുരുമുളകു വള്ളികൾ പുന്നയിലേയ്ക്ക് പടർന്നു കയറുന്നുണ്ട് . ” മറ്റെന്തിനെങ്കിലും ഹൃദയത്തിൽ ഇടം കൊടുത്താൽ ആരും ഒറ്റയ്ക്കല്ല ” . പുന്നമരം പറയുന്നു . അത് ശൂന്യതയെ ഇല്ലാതാക്കും .

വലിയ പാഠമാണ് പുന്ന പറഞ്ഞു തന്നത് . ദിവസവും കുറച്ചു നേരം പ്രകൃതിയിലേയ്ക്ക് ഇറങ്ങുക . എന്തെങ്കിലുമൊക്കെ ചെയ്യുക . മനസ്സ് നിറയും . ഒറ്റയ്ക്കല്ല എന്ന വിശ്വാസമുണ്ടാക്കും . പാഠങ്ങൾ പഠിക്കാനായി ഞാൻ ഇപ്പോൾ എന്നും പുന്നമരച്ചോട്ടിലേയ്ക്ക്  നടക്കാറുണ്ട് . നിങ്ങൾ കൂടുന്നോ . ചുരുങ്ങിയത് ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ?

അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img