Monday, February 26, 2024

ഡിജിറ്റൽ പള്ളിക്കൂടം തുറക്കുമ്പോൾ

ഐസക്ക് അമിനോവിന്റെ The Fun They Had എന്ന കഥ ഓർമ്മ വരുന്നു . 2155 ലാണ് ഈ കഥ നടക്കുന്നത് . 2155 മേയ് 17 ന് മാർഗി എന്നും ടോമി എന്നും പേരായ രണ്ട് കുട്ടികൾ നടത്തുന്ന സംഭാഷണത്തിലൂടെയാണ് കഥ വികസിക്കുന്നത് . വീട്ടിന്റെ മച്ചിൽ നിന്നും അവർക്ക് ഒരു അത്ഭുത വസ്തു ലഭിക്കുന്നു . അച്ചടിയ്ക്കപ്പെട്ട ഒരു പുസ്തകം ! അതിൽ പറയുന്നതോ സ്കൂളുകളെക്കുറിച്ചും . അവരുടെ അപ്പുപ്പന്റെ അപ്പുപ്പന്റെ കാലഘട്ടത്തിൽ സ്കൂൾ എന്ന ഒരു കെട്ടിടവും അച്ചടിയ്ക്കപ്പെട്ട പുസ്തകങ്ങളും മനുഷ്യരായ അധ്യാപകരും ഉണ്ടായിരുന്നുവത്രെ . കുട്ടികൾ കൂട്ടമായി സ്കൂളിൽ പോയിരുന്നു . അവർ കളിക്കുകയും വഴക്കു കൂടുകയും പഠിക്കുകയും ചെയ്തിരുന്നു . മാർഗിയ്ക്ക് അവിശ്വാസം . കാരണം അവൾ പഠിക്കുന്നത് വീട്ടിലിരുന്നാണ് . ഒരു യന്ത്ര അധ്യാപകനും കംപ്യൂട്ടറും അവൾക്കുണ്ട് .  നാളെ 2020 ജൂൺ 1 ന് ഓൺലൈൻ പഠനം സംസ്ഥാനത്ത് തുടങ്ങുകയാണ് . ഇത് അധ്യാപകരും പുസ്തകങ്ങളും ഇല്ലാത്ത ഒരു ലോകത്തേയ്ക്കുള്ള പോക്കാണോ എന്ന് പരിശോധിക്കാം .

ഈ കോവിഡ് കാലത്ത് 186 രാജ്യങ്ങളിലായി 1.2 ബില്യൻ കുട്ടികൾ സ്കൂളുകൾക്ക് പുറത്താണ് . ഓൺലൈൻ വിദ്യാഭ്യാസം എന്ന പരീക്ഷണത്തിലേയ്ക്ക്  സർക്കാരുകൾ നീങ്ങിയത് അതുകൊണ്ട് മാത്രമാണ് എന്ന് പറഞ്ഞു കൂടാ . വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മുന്നേറ്റം കോവിഡിനു മുൻപ് തന്നെ തുടങ്ങിയിരുന്നു . 2019 ൽ 18.66 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് നടന്നത്. 2025 ആകുമ്പോഴേയ്ക്കും ഓൺലൈൻ/ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ വിപണി മൂല്യം 350 ബില്യൺ ഡോളറാകുമെന്ന് പoനങ്ങൾ പറയുന്നു . ഭാഷ പഠനത്തിന് സഹായിക്കുന്ന ആപ്പുകൾ , വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ , തുടങ്ങി ഇതുമായി ബന്ധപ്പെട്ട കച്ചവട സാധ്യതകൾ അനന്തമാണ് . സർക്കാർ വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളുമൊക്കെ ഈ വിപണിയിൽ ഉപഭോക്താവിന്റെ വേഷം കെട്ടിക്കഴിഞ്ഞു . ഹൈടെക് വിദ്യാഭ്യാസം എന്നത് സർക്കാരുകൾ ആഘോഷിക്കുന്ന നേട്ടമാണ് .

എന്താണ് ഈ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടം ? വിദ്യാർത്ഥിയെ സംബന്ധിച്ച് രണ്ട് നേട്ടങ്ങളുണ്ട് . അവന് കൂടുതൽ കാര്യങ്ങൾ ഓർത്തു വയ്ക്കാൻ സാധിക്കുന്നു . (മനസിലാക്കാൻ എന്ന വാക്ക് ഉപയോഗിക്കുന്നില്ല ) . 25 മുതൽ 60 ശതമാനം വരെ കുടുതലായി ഓർത്തു വയ്ക്കാൻ ഡിജിറ്റൽ പഠനം സഹായിക്കും . രണ്ടാമതായി കുറഞ്ഞ സമയത്തിനുള്ളിൽ പഠിച്ചെടുക്കാൻ സഹായകരമാണ് . എന്നാൽ ഇന്നത്തെ ഈ ഓൺലൈൻ പരീക്ഷണം കാണുമ്പോൾ അധ്യാപകരെ ഒഴിവാക്കി ചിലവ് ചുരുക്കാൻ ഉള്ള trial run ആണോ എന്ന് തോന്നിപ്പോകുന്നു . ഒരു കണക്ക് സാറിന് ടി വി യിലൂടെ  അല്ലെങ്കിൽ ഫോണിലൂടെ  മുഴുവൻ  സ്കൂളിലെയും  വിദ്യാർത്ഥികളെ പഠിപ്പിക്കാനാവുമെങ്കിൽ എന്തിനാണ്  ഓരോ  സ്കൂളിലും കണക്ക് ‘സാർ ? സർക്കാർ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലും  സ്വകാര്യ  സ്കൂൾ മാനേജ്‌മെന്റ്കൾക്ക് ചിന്തിക്കാം !

ഓൺലൈൻ പഠനം വേണ്ട എന്നല്ല പറഞ്ഞു വരുന്നത് . അധ്യാപകർക്ക് നിലവിലുള്ള പ്രാധാന്യം നിലനിർത്തിയുള്ള ഓൺലൈൻ പരീക്ഷണങ്ങൾ നടത്തണം എന്നാണ് . ഇന്ത്യയിലെ ഏറ്റവും വലിയ പെൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള ബോർഡിങ് സ്കൂളായ മുസൂറി ഇന്റർനാഷണൽ സ്കൂളിൽ ഇങ്ങനെ ഒരു പരീക്ഷണം നടക്കുകയും വിജയിക്കുകയും ചെയ്തു . അധ്യാപകനുമായും സഹപാഠികളുമായും സംവദിച്ച് പഠിക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു അവിടെ ഓൺലൈൻ ക്ലാസ് . രാവിലെ 9 30 നും 1 30 നുമിടയിൽ കുട്ടികൾ ലോഗ് ഇൻ ചെയ്തു . അവർക്കായി അധ്യാപകർ ലൈവ് ക്ലാസ് എടുത്തു . ഇതു പോലെ ഒരു ഇ ലേണിങ് പ്ലാറ്റ് ഫോമിൽ ഉള്ള ഓൺലെൻ ക്ലാസ്സാണ് ആവശ്യം .  ടെലിവിഷൻ പരിപാടി കണ്ടിരിക്കുന്നതു പോലെ passive ആയി വിദ്യാർത്ഥി ക്ലാസ് കണ്ടിരുന്നാൽ Learning എന്ന പ്രക്രിയ നടക്കുമോ ? അവനെക്കൂടെ Active ആക്കുന്ന ലേണിങ് പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചതിനു ശേഷമാകണമായിരുന്നു ഈ പരീക്ഷണം . അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള സംവാദങ്ങൾ സാധ്യമാവണം .

മറ്റൊരു കാര്യം കൂടി പ്രസക്തമാണ് . കോവിഡ് പ്രതിരോധത്തിന് രോഗനിർണ്ണയ പരിശോധന എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ ആവശ്യമാണ് ട്രെയിനിങ് ഓൺലെൻ പഠനത്തിന്റെ വിജയത്തിന് . ഡിജിറ്റൽ ലോകത്ത് നിലനില്ക്കാൻ അധ്യാപന യോഗ്യതകൾ നേടിയ എല്ലാവരെയും പ്രാപ്തരാക്കണം . കണ്ടന്റ് വികസിപ്പിക്കുന്നതിലും , അവതരിപ്പിക്കുന്നതിലും , സാങ്കേതിക വിദ്യയിലും പരിശീലനം നൽകണം . സി ഡിറ്റ് പോലുള്ള സ്ഥാപനങ്ങൾ ഇതിനുള്ള കോഴ്സുകൾ രൂപകല്പ്പന ചെയ്യണം . അല്ല എങ്കിൽ അക്കാഡമിക യോഗ്യതയില്ലാത്തവർ പടച്ചു വിടുന്ന വീഡിയോകൾ ആധികാരികമെന്ന് വിശ്വസിച്ച് കുട്ടികൾ പഠിക്കും . അത് അപകടമുണ്ടാക്കും . (ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അധ്യാപകൻ പഠിപ്പിക്കുമ്പോൾ ഈ പ്രശ്നം ഇല്ല . ഇന്നത്തെ രീതിയിൽ ടെലിവിഷൻ പരിപാടിയായി ക്ളാസുകൾ വരുമ്പോഴാണ് ഈ പ്രശ്നം . ഏതു വിഷയത്തിലും യൂടൂബ് വീഡിയോകൾ ഇന്നുണ്ട് എന്ന് ഓർക്കുക )
പറഞ്ഞു വന്നത് ഇതാണ് . ഓൺലൈൻ വിദ്യാഭ്യാസമെന്ന ആശയം നല്ലതു തന്നെ . പക്ഷേ അധ്യാപകനുമായുള്ള (പരിശീലിപ്പിക്കപ്പെട്ട ) നിരന്തര സംവാദം സാധ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വേണം അത് സാധ്യമാക്കേണ്ടത് . അത് അല്ലാ എങ്കിൽ നാളെ ഒരു കാലത്ത് മാർഗിയെപ്പോലെ മുൻ തലമുറകൾക്ക് അധ്യാപകനിൽ നിന്നും സ്കൂളിൽ നിന്നും ലഭിച്ച നന്മകൾ തിരിച്ചറിഞ്ഞ് They Had Fun എന്ന് നിരാശപ്പെടുന്ന കുട്ടികൾ ഉണ്ടാകും

അനു പി ഇടവ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img