Monday, February 26, 2024

ജിസാനിലെ കൊറോണക്കാലം

സൗദി അറേബ്യയിലെ ജിസാൻ എന്ന ഈ പ്രവിശ്യയിൽ വന്നിട്ട് 8 വർഷത്തോളം ആകുന്നു. ഇതുപോലെ ശാന്തം ഇതാദ്യം. എല്ലായിടത്തും ഉള്ളതുപോലെ കർഫ്യൂ നിലനിൽക്കുന്നുണ്ട് . (പുണ്യമാസക്കാലമായതിനാൽ വൈകുന്നേരം 5 മുതൽ രാവിലെ 6 വരെ). 2020 ന്റെ തുടക്കം മുതലേ വിഷമം നിറഞ്ഞതായിരുന്നു. മോളൂട്ടി കളിക്കുന്നതിനിടയിൽ ഒന്ന് വീണു. 3 മാസത്തിനടുത്ത് കാലിൽ പ്ലാസ്റ്റർ ഇട്ട് കിടക്കേണ്ടി വന്നു. നാട്ടിൽ പോകാൻ ഇനി എത്ര മാസമുണ്ട് എന്ന ചോദ്യം ഇടയ്ക്കിടയ്ക്ക് ഞങ്ങളോട് ചോദിക്കും. മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യം നമ്മൾ നാട്ടിലെത്തും, അടിച്ചുപൊളിക്കും എന്ന് പറഞ്ഞുകൊണ്ട് അവധിക്കാലത്തിന്റെ വർണ്ണങ്ങൾ അവളിൽ നിറച്ചുകൊണ്ടിരുന്നു. ജൂണിൽ ഇളയച്ഛയുടെ കല്യാണമല്ലേ ആ സന്തോഷവും അവളുടെ കണ്ണുകളിൽ കണ്ടു ഞങ്ങൾ. പക്ഷേ മാർച്ചുമാസം മുതൽ കൊറോണയുടെ കയ്യിലായി ലോകത്തിന്റെ നിയന്ത്രണം. നാട്ടിൽ നിന്ന് വിളിക്കുമ്പോൾ ഇത്തവണത്തെ വരവ് തീരുമാനമായിട്ടില്ല, എന്ന് പറയുമ്പോൾ മോളുടെ മുഖത്ത് വിഷമം നിറയുന്നത് ഞങ്ങൾ കണ്ടു. പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി, കോറോണയുടെ ഭീകരതയെ കുറിച്ച്.

ഏവരും വിഷമവസ്ഥയിലാണ് , ഈ പ്രതിസന്ധിയിലും ഇവിടെയുള്ള കുട്ടികൾ അവരവരുടെ ഫ്ളാറ്റുകളിലിരുന്ന് സർഗാത്മകവും ക്രിയാത്മകവും ആയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സർഗ്ഗസൃഷ്ടി വളർത്തുന്നതിന് പ്രോത്സാഹനവും പ്രചോദനവും നൽകിക്കൊണ്ട് മാതാപിതാക്കളും, മലയാളം മിഷൻ പ്രവർത്തകരും കൂടെ തന്നെയുണ്ട്.

സൗദി തൊഴിൽ മന്ത്രാലയം നിഷ്കർഷിച്ചതിൻ പ്രകാരം പല തൊഴിലുടമകളും ജീവനക്കാരോട് ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാൻ പറഞ്ഞിരിക്കുന്നു. അതുപോലെ ജീവനക്കാരുടെ അനുവാദമില്ലാതെ 40 ശതമാനം ശമ്പളം കുറക്കാം എന്ന തീരുമാനത്തിലും എത്തിയിരിക്കുന്നു. ഇവിടെ കർഫ്യൂ സമയം പാലിച്ചുകൊണ്ട് ജോലി ചെയ്യുന്നവരും വീട്ടിലിരുന്ന് ജോലിയിലേർപ്പെട്ടിരിക്കുന്നവരും ഉണ്ട്. ചില സുഹൃത്തുക്കളുടെ ജോലി നഷ്ടപ്പെട്ടതായും അറിയാൻ കഴിഞ്ഞു

ഗൾഫ്മേഖലയിൽ വളരെ വലിയ പ്രശ്നങ്ങൾ തന്നെ ആണ് നിലനിൽക്കുന്നത്. പല തരത്തിലുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം, പ്രത്യേകിച്ച തൊഴിൽ മേഖലയിൽ. ഇത് വരും ദിനങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകും എന്നാണ് വിദഗ്ധാഭിപ്രായം.

ജനസംഖ്യയുടെ കാര്യത്തിൽ നമ്മുടെ കേരള സംസ്ഥാനത്തിനൊപ്പമാണ് സൗദി അറേബ്യ. പക്ഷേ കോവിഡ് കേസുകളുടെ കാര്യത്തിൽ, മരണനിരക്കിന്റെ കാര്യത്തിൽ വളരെ മുന്നിൽ എന്നത് ചെറുഭീതി ഉളവാക്കുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, കോവിഡ് കേസുകൾ കൂടുന്നു, മരണനിരക്കും.

രോഗലക്ഷണമുള്ളവരെ സൗദി ആരോഗ്യ വകുപ്പ് തിരഞ്ഞെടുത്ത ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. രോഗത്തിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് അവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

നോർക്ക വഴിയും, എംബസി വഴിയുമുള്ള രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും എത്രപേർ നാടണയും എന്നതിൽ അവ്യക്തത നിലനിൽക്കുന്നു. ഇവിടെ എല്ലാ മലയാളി സംഘടനകളും അക്ഷീണ പ്രയത്നത്തിലാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അതിലുപരി അതത് ഗൾഫ് രാജ്യങ്ങളുടെയും യോജിപ്പോടെ നിസ്സഹായാവസ്ഥയിലുള്ള പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും. കേന്ദ്രം പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ വിമാന സർവീസ് അടക്കമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും സൗദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, ദമാം, റിയാദ് എന്നിവടങ്ങളിൽ നിന്ന് മാത്രമാണ് വിമാന സർവീസുകൾ നടത്താൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ജിസാൻ അടക്കമുള്ള പല പ്രവിശ്യകളിൽ ഉള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് കർഫ്യൂ ആയതിനാൽ ഈ നഗരങ്ങളിൽ എത്തിപ്പെടുക അസാധ്യമാണ്. അതിനാൽ നാടണയുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതുവരെയുള്ള കണക്കുകൾ വെച്ച് പലതരത്തിൽ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ നാടെത്താൻ കാത്തിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ പ്രവാസത്തിൽ നിന്ന് വിട പറയേണ്ടിവന്നാൽ പിന്നെയൊരു തിരിച്ചൊരു വരവ് പലർക്കും സാധ്യമല്ല എന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. നാട്ടിലെ ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ട് എത്രനാൾ കഴിയേണ്ടിവരും അതിന് ശേഷം എന്താകും പ്രവാസികളുടെ അവസ്ഥ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഏവരിലും ഉണ്ട്.

എന്തൊക്കെയായാലും കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റെയും നല്ല തീരുമാനങ്ങൾക്ക് വേണ്ടിയാണ് പ്രവാസികൾ കാതോർത്തിരിക്കുന്നത്.
എല്ലാം നല്ല രീതിയിൽ പര്യവസാനിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു …..
സൗദ്യ അറേബ്യയിൽ നിന്നും വിജീഷ് വാര്യർ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img