Monday, February 26, 2024

ഒരു നർത്തകിയുടെ അതിജീവന കഥയുമായി ലോല

ലോകത്തെയാകെ പ്രതിസന്ധിയിലാക്കുകയും സിനിമ മേഖലയെ പൂർണ്ണമായും നിശ്ചലമാക്കുകയും ചെയ്ത കോവിഡ്ക്കാലത്തെ അനുഭവങ്ങൾ വിഷയമാക്കി വ്യത്യസ്തമായൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ലോല’, ലോക്ക്ഡൗൺ കാലത്തെ ഒരു നർത്തകിയുടെ ജീവിതത്തിലെ വൈവിധ്യമാർന്ന സംഭവങ്ങളുടെ കഥപറയുന്ന ചിത്രമാണ്. മനുഷ്യസമൂഹം വർത്തമാനകാലത്ത് നേരിടുന്ന അസാധാരണമായ പ്രതിസന്ധി ഒരു നർത്തകിയുടെ കലാജീവിതത്തിൽ തീർക്കുന്ന സാമൂഹികവും മാനസികവും ഭൗതികവുമായ സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത സംവിധായരായ കെ.മധു, ബ്ലസ്സി, ലാൽ ജോസ്, ഡോ. ബിജു, ജി. മാർത്താണ്ഡൻ നടന്മാരായ മധുപാൽ, പ്രദീപ് നായർ, ഗിന്നസ് പക്രു, ഷിബു ഗംഗാധരൻ, സലിം കുമാർ, സജിത് ജഗത്നന്ദൻ, കെ.ആർ. പ്രവീൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പുറത്തിറക്കിയത്. പ്രശസ്ത കവി രാജൻ കൈലാസ് എഴുതിയ ‘ലോല’യിലെ മൂന്ന് ഗാനങ്ങൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവ്വഹിക്കും. ലോലയിലെ നായികയെ ഉടൻ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷൻ വഴി കണ്ടെത്തുമെന്നും നിർമ്മാതാക്കളും സംവിധായകനും അറിയിച്ചു. നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ലോലയായി അഭിനയിക്കുന്നത് മലയാള സിനിമയിലെ നർത്തകിയായ ഒരു നായിക നടിയായിരിക്കുമെന്ന് സംവിധായകൻ രമേശ് പറഞ്ഞു. ചിത്രത്തിലെ ഗാനങ്ങൾക്കായി പുതിയ ഗായകരേയും അണിയറപ്രവർത്തകരേയും തേടുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ പ്രധാന ലൊക്കേഷനുകളിൽ ചിത്രീകരണം ആരംഭിക്കുന്ന ‘ലോല’ പുതുപുരക്കൽ ഫിലിംസാണ് നിർമ്മിക്കുന്നത്.

എസ്.ശശിധരൻ പിള്ള (നിർമ്മാണം), സിനോജ് പി അയ്യപ്പൻ (ഛായാഗ്രഹണം), റഷ്യൻ അഹമ്മദ് (എഡിറ്റർ), ഗിരീഷ് നാരായൺ (ബി.ജി.എം സംഗീതം), മനോജ് കാരന്തൂർ (പ്രൊഡക്ഷൻ കൺട്രോളർ), അജയൻ വി കാട്ടുങ്ങൽ (പ്രൊഡക്ഷൻ ഡിസൈനർ), വിശാഖ് ആർ വാര്യർ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ) നിവേദ് മോഹൻ ദാസ് (സൗണ്ട് ഡിസൈൻ), അരുൺ സോളോ (പ്രൊജക്ട് ഡിസൈനർ) ലാലു കൂട്ടാലിട (മേക്കപ്പ്), സുജിത്ത് മട്ടന്നൂർ (കോസ്റ്റ്യു൦), ദീപു അമ്പലക്കുന്ന് (സ്റ്റിൽസ്), ഷാജി എ ജോൺ (കൺസൾട്ടിംഗ്), സജീഷ് പാലായി (ഡിസൈൻ). എ.എസ് ദിനേശ് (വാർത്താ പ്രചരണം) എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശ്ശങ്ങളും സുരക്ഷാ മുൻകരുതലുകളും മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

മിനിസ്‌ക്രീനിലെ വളരെക്കാലത്തെ പരിചയവും അനുഭവ സമ്പത്തും കൈമുതലാക്കിയാണ് രമേശ് എസ് മകയിരം ചലച്ചിത്ര സംവിധാനത്തിലേക്ക് കടക്കുന്നത്. കവിയും മാധ്യമപ്രവർത്തകനുമായ രമേശ് നടൻ എന്ന നിലയിലും ശ്രദ്ധേയനാണ്. കൗമുദി ചാനൽ നിർമ്മിച്ച് സംപ്രേഷണം ചെയ്ത മഹാഗുരു ടെലിവിഷൻ പരമ്പരയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യനായ ബോധാനന്ദ സ്വാമിയായി വേഷമിട്ട രമേശ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രേക്ഷകരും സമൂഹവുമൊന്നാകെ ഒരു മാറ്റത്തിന് വിധേയമാകുന്ന ഈ കൊറോണക്കാലത്ത് സാമ്പ്രദായിക സിനിമാക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഒരു കലാകാരിയുടെ ജീവിത പ്രതിസന്ധികളും അതിജീവനത്തിന്റെ പോരാട്ടവും ആവിഷ്കരിക്കുന്ന ലോല പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് എസ് മകയിരം പറഞ്ഞു.

തയ്യാറാക്കിയത്:

താഹ കൊല്ലേത്ത്
ലേഖകൻ, മലയാളം ന്യൂസ് ദിനപ്പത്രം,
സൗദി അറേബ്യ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img