Monday, February 26, 2024

ഇന്ന് (ഏപ്രില്‍ 25) ലോകമലമ്പനി ദിനം- കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം

ഇന്ന് (ഏപ്രില്‍ 25) ലോകമലമ്പനി ദിനമായി ആചരിക്കുകയാണ്. 2020 ഓട് കൂടി കേരളത്തില്‍ നിന്നും മലമ്പനി നിവാരണം ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം. അതിന്
കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക, മലമ്പനി മൂലമുളള മരണം ഇല്ലാതാക്കുക എന്നിവയാണ് ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യങ്ങള്‍. ‘മലമ്പനി നിവാരണാരംഭം എന്നില്‍ നിന്നും’ (Zero Malaria starts with me) എന്നതാണ് ദിനാചരണസന്ദേശം.

കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് മലമ്പനി. അനോഫിലിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത് ശുദ്ധ ജലത്തില്‍ മുട്ടയിട്ട് വളരുന്നു. പനിയോടൊപ്പം വിറയലും പേശിവേദനയും തലവേദനയുമാണ് മലമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ മാത്രമേ മലമ്പനി സ്ഥിരീകരിക്കാന്‍ കഴിയുകയുളളൂ. ഫീല്‍ഡ് തലത്തിലും ആരോഗ്യസ്ഥാപനങ്ങളിലും രക്തസാമ്പിളുകളെടുത്ത് പരിശോധിക്കാനുളള ലബോറട്ടറി സൗകര്യം ജില്ലയില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ 79 മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ അഞ്ച് എണ്ണം തദ്ദേശീയ മലമ്പനി കേസുകളാണ്. 60 ശതമാനത്തോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അതിഥി തൊഴിലാളികള്‍ക്കിടയിലാണ്. 2020 ല്‍ ഇതുവരെ 10 മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ ആറ് എണ്ണം അതിഥി തൊഴിലാളികളാണ്. ഒരു കേസ് തദ്ദേശീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ രോഗം നിയന്ത്രിക്കാനുളള പോംവഴി കൊതുകുനിവാരണം മാത്രമാണ്. കൊതുക് വളരുവാനിടയുളള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ആഴ്ചയില്‍ ഒരു ദിവസം ഉറവിട നശീകരണം (ഡ്രൈഡേ) ശീലമാക്കണം. ഈ ദിവസം വീടിന് ചുറ്റും പരിസരപ്രദേശത്തുമുളള വെളളകെട്ടുകള്‍ ഒഴിവാക്കുകയും വെളളം സംഭരിച്ചു വെക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ കൊതുക് കടക്കാത്തവിധം കൊതുക് വലയിട്ട് മൂടുകയോ ചെയ്യണം. കൊതുകുജന്യ രോഗം നിവാരണം ചെയ്യുവാന്‍ പൊതുജനപങ്കാളിത്തം അത്യന്താപേക്ഷിതാണ്. ആരോഗ്യജാഗ്രത പരിപാടിയില്‍ ത്രിതല പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

റിപ്പോർട്ടർ: സുനൈർ കോഴിക്കോട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img