Sunday, February 25, 2024

ആരാധനാലയങ്ങളിൽ പരമാവധി 100 പേർക്ക് പ്രവേശനം; ശബരിമലയിൽ വെർച്വൽ ക്യൂ

തിരുവനന്തപുരം എട്ടാം തീയതി മുതൽ കേന്ദ്രമാനദണ്ഡപ്രകാരം ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗനിർദേശം സംസ്ഥാന സർക്കാർ പുറത്തിറക്കി. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി സർക്കാർ ചർച്ച ചെയ്തിരുന്നു. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖമുള്ള വ്യക്തികൾ എന്നിവർ വീട്ടിൽ തന്നെ കഴിയേണ്ടതാണ് എന്നാണ് കേന്ദ്ര മാർഗനിർദേശം. അത് കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മറ്റ് നിർദേശങ്ങൾ

◾️ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം.

◾️ പൊതുസ്ഥലങ്ങളിൽ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങൾക്കും ബാധകമാണ്.

◾️ ആരാധനാലയത്തിൽ എത്തുന്നവർ മാസ്‌ക് ധരിച്ചിരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളിൽ ഹാൻറ് സാനിറ്റൈസർ ഉപയോഗിക്കണം.

◾️ ആദ്യം വരുന്നവർ ആദ്യം എന്ന നിലയിൽ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരൽ ഉണ്ടാകരുത്.

◾️ പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ടാപ്പുകളിൽനിന്നു മാത്രമേ ഉപയോഗിക്കാവൂ.

◾️ ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം.

◾️ പൊതുസ്ഥലത്ത് തുപ്പരുത്.

◾️ രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്.

◾️ കോവിഡ് 19 ബോധവൽക്കരണ പോസ്റ്ററുകൾ പ്രകടമായി പ്രദർശിപ്പിക്കണം.

◾️ ചെരുപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.

◾️ ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.

◾️ കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിൻറുകൾ ഉണ്ടാകണം.

◾️ എയർകണ്ടീഷനുകൾ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കിൽ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ താപനില ക്രമീകരിക്കേണ്ടതാണ്.

◾️ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.

◾️ ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാർഡ് ചെയ്ത് കേൾപ്പിക്കണം.

◾️ പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്‌ക്കെത്തുന്നവർ തന്നെ കൊണ്ടുവരേണ്ടതാണ്.

◾️ അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകൾ ഒഴിവാക്കണം.

◾️ മാമോദീസ നടത്തുന്നുണ്ടെങ്കിൽ കരസ്‌പർശമില്ലാതെ ആയിരിക്കണം.

◾️ എന്തായാലും ആൾക്കൂട്ടം ഒഴിവാക്കണം, രോഗപകർച്ചയുടെ സാധ്യത തടയുകയും വേണം.

◾️ പ്രസാദവും തീർത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കൾ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സർക്കാരിൻറെയും നിലപാട്.

അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ എത്തിച്ചേർന്നാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

ശബരിമല ദർശനം വെർച്വൽ ക്യൂ വഴി നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുസമയം 50ൽ അധികം പേർ ദർശനത്തിന് എത്താൻ പാടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കും. മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. നെയ് അഭിഷേകത്തിന് ഭക്തർ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും.

ദേവസ്വം ജീവനക്കാർക്കും ഇനി മുതൽ മാസ്‌ക്കും കൈയ്യുറയും നിർബന്ധമാണ്. കേന്ദ്ര നിർദേശം അനുസരിച്ച് 10 വയസിൽ താഴെയുള്ള കുട്ടികളെയും 65 വയസിൽ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്യുൽ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവർ മാത്രമേ ശബരിമലയിൽ എത്താവൂ.

അതിലൂടെ കാര്യങ്ങൾ പരിശോധിച്ച് തീർച്ചപ്പെടുത്താനാകും. ഈ സമയത്ത് ശബരിമലയിലേക്ക് അധികം ഇതരസംസ്ഥാനക്കാർ വരുന്ന സമയമല്ല. ശബരിമല ദർശനത്തിനായി ഇതരസംസ്ഥാനക്കാർ വരേണ്ടെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img